പുരോഗമനം
മഞ്ഞുതുള്ളികൾ പെയ്തിറങ്ങിയ തണുത്ത
ആ ഡിസംബർ പുലരി. അവശേഷിപ്പിക്കപ്പെട്ട വളരെ
ചുരുക്കം ചില മരങ്ങളുടെ ഇലകളിലൂടെ ഈറൻ മഴത്തുള്ളികൾ ഊർന്നിറങ്ങി മണ്ണിൻ്റെ ദാഹം ശമിപ്പിക്കുന്നു. ഡൽഹി നഗരം അതിൻ്റെ പതിവ് തിരക്കുകളിലേക്ക് പതിയെ
ഉണരുന്നു. വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾക്കു
ശക്തിയേറി വരുന്നു. തണൽമരങ്ങൾക്കും കിളികളുടെ
സംഗീതത്തിനും ഇളംകാറ്റിനുമൊന്നും ഇന്ന് ഡൽഹി നഗരത്തിൽ സ്ഥാനമില്ല. പകരം ബഹുനില കെട്ടിടങ്ങളും വിഷാംശങ്ങൾ തള്ളിവിടുന്ന
തൊഴിൽ-വ്യവസായ സംരംഭങ്ങളും കെട്ടിയുറപ്പിച്ച കറുകറുത്ത റോഡുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ആ റോഡുകളിലൂടെ കാരുണ്യം വരണ്ടുപോയ ഹൃദയങ്ങൾക്കുടമകളായ
ഡൽഹി നിവാസികളും ഡൽഹി ആശ്രിതരായ ഇതര സംസ്ഥാനക്കാരും താന്താങ്ങളുടെ വാഹനങ്ങളിൽ മരണവെപ്രാളത്തിലെന്നപോലെ
എങ്ങോട്ടൊക്കെയോ പായുന്നു... എല്ലാവരും ഇവിടെയെത്തിയത്
ജീവിക്കുവാൻവേണ്ടിയാണ്-ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാനാണ്. അതിനിടയിൽ സഹതാപത്തിനോ കാരുണ്യത്തിനോ സഹജീവികളോടുള്ള
സ്നേഹത്തിനോ സമയമില്ല. ഡൽഹിയുടെ അന്തരീക്ഷം
വിവിധതരം വാഹനങ്ങളുടെ എൻജിൻ്റെ വരണ്ട ആക്രോശങ്ങളാലും നിരന്തരമുള്ള ഹോൺ ശബ്ദങ്ങളാലും
നിറഞ്ഞു. പണ്ടെപ്പോഴോ നീല പുതച്ചിരുന്ന ഡൽഹിയുടെ
വാനം ഇന്ന് പുകയും വിഷാംശവും നിറഞ്ഞു ഒരു കറുത്ത കമ്പിളിപുതപ്പിനു സദൃശ്യമായിരിക്കുന്നു.
ഇതെല്ലം സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടു
തൻ്റെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ അനൂപ് ഇരിക്കുന്നു. അനൂപിൻ്റെ കണ്ണുകൾ റോഡിലൂടെ പത്രം വിറ്റുനടക്കുന്ന
ഒരു പന്ത്രണ്ടു വയസ്സുകാരൻ ബാലൻ്റെ നേർക്ക് തിരിഞ്ഞു. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ,
തണുത്തുറച്ച റോഡിൽ ചെരുപ്പുപോലുമില്ലാതെ, മെലിഞ്ഞുണങ്ങിയ തൻ്റെ ശരീരത്തിൽ മതിയായ വസ്ത്രധാരണം
പോലുമില്ലാതെ, അതിശൈത്യത്തിൽ തണുത്തുവിറച്ചു, പല്ലുകൾ പരസ്പരം കൂട്ടിമുട്ടിക്കൊണ്ട്,
ഓരോ വാഹനത്തിന്റെയും ചില്ലുകളിൽ മുട്ടിമുട്ടി, തൻ്റെ കൈയ്യിലുള്ള പത്രപ്പൊതി വിറ്റുകിട്ടുവാൻ ആ ബാലൻ
കഠിനമായി പരിശ്രമിക്കുന്നു. സിഗ്നൽ പച്ച തെളിഞ്ഞതോടെ
ഒരു ഡ്രൈവർ ആ ബാലനെ തള്ളിനീക്കി വണ്ടിയുമായി മുൻപോട്ടു കുതിച്ചു. ബലഹീനമായി
റോഡിലേക്ക് തെറിച്ചുവീണ ആ ബാലൻ തിടുക്കത്തിൽ തൻ്റെ ചുറ്റും ചിതറിക്കിടക്കുന്ന
പത്രക്കെട്ടുകൾ ഓരോന്നോരോന്നായി പെറുക്കിയെടുത്തു തൻ്റെ ജോലി തുടരുന്നു. "അതെ", അനൂപ് ഉരിയാടി, "എല്ലാവരും
ഇവിടെയെത്തിയിരിക്കുന്നതു ജീവിക്കുവാൻവേണ്ടിയാണ്!"
അനൂപ് തൻ്റെ കൈകളും കാലുകളുമൊന്നു
നീണ്ടുനിവർത്തി, ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട്, തന്നെ ഇവിടെയെത്തിച്ച സംഭവവികാസങ്ങളുടെ
ചിന്തകളിലേക്ക് മുഴുകി....അയാളുടെ ഒടിഞ്ഞ കാൽ ഇപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു............
**************************************
തൃശ്ശൂർ ജില്ലയിലെ ഒരു മഴ നനഞ്ഞ പതിവ്
രാവ്. അനൂപും ഭാര്യ അപർണ്ണയും പെട്ടികൾ കെട്ടുന്ന
തിരക്കിലായിരുന്നു; കാരണം അവർ ഡൽഹിയിലേക്ക് മാറാൻ തീരുമാനിച്ചിരുന്നു. അനൂപിന് ഇത് അഭിമാന നിമിഷമാണ്. ഡൽഹിയും അഹമ്മദാബാദും തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യത്തിൻ്റെ
ആദ്യ "ബുള്ളറ്റ് ട്രെയിൻ" പ്രോജെക്ടിൽ പങ്കാളിയാകുന്നത് അയാൾക്ക് അതിയായ
സന്തോഷം നൽകി. കൂടാതെ, ഡൽഹി വാഗ്‌ദാനം ചെയ്യുന്ന
ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ ജീവിതശൈലിയും പേരും പെരുമയും മെച്ചപ്പെട്ട ശമ്പളവും അയാളിൽ
കൂടുതൽ തീക്ഷ്ണത ഉളവാക്കി.
വർഷങ്ങൾ കടന്നുപോയി. ഡൽഹി ജീവിതം അവർക്കു സാമ്പത്തികവും കരിയർപരവുമായ
ഒട്ടേറെ വളർച്ചകൾ സമ്മാനിച്ചു. അവരുടെ കുട്ടികൾ
ഏറ്റവും നൂതന വിദ്യാഭ്യാസം ലഭിച്ചു വളർന്നു; എങ്കിലും ചില "നാഗരിക രോഗങ്ങൾ"
ആ കുട്ടികളെ ബാധിച്ചു. ആംഗ്ലേയഭാഷായിൽ പ്രാഗൽഭ്യം
ലഭിച്ചെങ്കിലും സ്വന്തം മാതൃഭാഷയായ മലയാളം ആ കുട്ടികൾക്ക് അന്യയായി നിന്നു. കേരളത്തിലുള്ള ബന്ധുമിത്രാതികളെ അവർ കണ്ടുമുട്ടുന്നത്
രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കലാണ്. നൂതന സാങ്കേതിക വിദ്യകളോട് താൽപര്യമേറെയുള്ള
"കമ്പ്യൂട്ടർ കുട്ടികളായി" അവർ വളർന്നുവന്നു.
ഡൽഹി ജീവിതം അനൂപിനും കുടുംബത്തിനും
സമ്മാനിച്ച വളരെ ചുരുക്കം ചില ആത്മസുഹൃത്തുക്കളിൽ ഒരാളായിരുന്നു തോമസ്. ഇരുനിറമുള്ള മുഖവും ചുണ്ടത്തു നിറഞ്ഞ പുഞ്ചിരിയും തീക്ഷ്ണത നിറഞ്ഞ കണ്ണുകളുമുണ്ടായിരുന്ന
തോമസ് തൻ്റെ തൊഴിലിനോടും നിറഞ്ഞ ആത്മാർഥത പുലർത്തിയിരുന്നു. ജോലിസ്ഥലത്തെ പരിചയത്തിലൂടെ പിറന്ന ആ സൗഹൃദം പിന്നീട്
കുടുംബതലത്തിലേക്ക് വളർന്നു. തങ്ങളുടെ ഏതൊരു
പ്രശ്നവും ആത്മാർത്ഥതയോടെ ഉള്ളുതുറന്ന് പങ്കുവെക്കുവാനും പരിഹാരം കണ്ടെത്തുവാനുമുള്ളൊരു
വേദിയായി മാറി ആ സൗഹൃദം. ഏതൊരാവസ്ഥയിലും പരസ്പരം
താങ്ങും തണലുമായി "കൂടെ ഞാനുമുണ്ട്!" എന്ന് പറഞ്ഞു ധൈര്യപ്പെടുത്തുന്ന സൗഹൃദം.
ഒടുവിൽ ഇരുവരും കാത്തിരുന്ന ആ സുദിനം
വന്നിങ്കടുക്കാറായി. ഭാരതത്തിൻ്റെ ആദ്യ ബുള്ളറ്റ്
ട്രെയിൻ്റെ പരീക്ഷണയോട്ടങ്ങളിലും അതിൻ്റെ ഓരോ പരിശോധനകളിലുമായി അനൂപും തോമസും മുഴുകി. ഒരുപാട് രാത്രികളിൽ ഇരുവരുടെയും ഉറക്കം കെടുത്തിയിരുന്ന
ഒരു വിദൂരസ്വപ്നമായിരുന്നു ബുള്ളറ്റ് ട്രെയിൻ പദ്ധതി. ഒരു ദിനം അനൂപ് റോഡിനു മുകളിലുള്ള ഒരു മേൽപ്പാലത്തിലെ
ട്രാക്കുകളുടെ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തൻ്റെ മുൻപിലായി കണ്ട ട്രാക്കിലെ എന്തോ ഒരു പന്തികേട്
അനൂപിൻ്റെ ശ്രദ്ധയിൽ പെട്ടു. അത് പരിശോധിക്കാനായി
മുൻപിലേക്ക് മേൽപ്പാലത്തിലൂടെ നടന്നു നീങ്ങവേ ബലക്ഷയം സംഭവിച്ചിരുന്ന ഒരു കോൺക്രീറ്റിന്മേലാണ്
അനൂപിൻ്റെ കാലുകൾ പതിച്ചത്. തൽക്ഷണം പൊടിഞ്ഞു
വീഴാൻ തുടങ്ങിയ കോൺക്രീറ്റ് കട്ടക്കൊപ്പം ബാലൻസ് തെറ്റിയ അനൂപ് അപകടം മണത്തു ഉറക്കെ
നിലവിളിക്കാൻ തുടങ്ങി. ഏതു നിമിഷവും നിലംപതിക്കുമെന്നായ
അനൂപിന് ആരോ പിന്നിൽ നിന്നു തള്ളി മുൻപിലേക്കെറിഞ്ഞിട്ടത് മാത്രമേ ഓർമ്മയുള്ളൂ. മുൻപിലെ സുരക്ഷിതമായ സ്ഥാനത്തു മലർന്നുവീണ അനൂപ്
ആശ്വസിച്ചൊരു ജീവശ്വാസം വലിക്കുന്നതിനുമുൻപേ കേട്ടത് വലിയ എന്തോ ഒന്ന് ശക്തിയോടുകൂടി
നിലംപതിക്കുന്ന ശബ്ദമാണ്. കാൽ ഒടിഞ്ഞതുപോലെ
അനുഭവപ്പെട്ടതിനാൽ അയാൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടു പിന്നോട്ട് വന്നു. വേദനയോടെ അയാൾ മനസ്സിലാക്കി-തന്നെ പിന്നിൽ നിന്നു
വന്നു രക്ഷിച്ചത് തോമസ് ആയിരുന്നു; ആ തോമസ് ബലക്ഷയം സംഭവിച്ച കോൺക്രീറ്റിനൊപ്പം നിലം
പതിച്ചിരിക്കുന്നു. ശരീരം പടർന്നു നിലത്തു കിടക്കുന്ന തോമസിന് അനക്കമില്ല. നെഞ്ചത്ത് കൈ വെച്ച് അനൂപ് പൊട്ടിക്കരഞ്ഞു...ആ കുടുംബത്തിൻ്റെ
പ്രതീക്ഷകളും സ്വപ്നങ്ങളും!!!!!
*********************************************
ഒരു വലിയ ട്രക്കിൻ്റെ മുഴങ്ങുന്ന
ഹോൺ ശബ്ദം അനൂപിനെ ചിന്തകളിൽ നിന്നുമുണർത്തി. ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിൻ്റെ സമാപ്തിയിൽ
അയാൾ തിരികെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. "എന്താണ് ഞാനെൻ്റെ ഡൽഹി ജീവിതം കൊണ്ട് നേടിയത്?",
അയാൾ സ്വയം പരിശോധിച്ചു. കൊളെസ്ട്രോൾ, ഡയബറ്റീസ്
പോലുള്ള ആധുനിക രോഗങ്ങളും ഡൽഹിയിലെ സമ്മർദ്ദജീവിതത്തിൻ്റെ സമ്മാനമായിരുന്നു. അയാൾ നാട്ടിലേക്ക് മടങ്ങുന്നത് അവയുമായാണ്.
"ഭാരതത്തിൻ്റെ ആദ്യ ബുള്ളറ്റ്
ട്രെയിൻ ഡൽഹി മുതൽ അഹമ്മദാബാദ് വരെ വിജയകരമായി ഉദ്ഘാടനയോട്ടം പൂർത്തിയാക്കി."
ടിവിയിലെ ബ്രേക്കിംഗ് ന്യൂസിലേക്കു അനൂപിൻ്റെ ശ്രദ്ധ തിരിഞ്ഞു. "ഇന്ത്യക്കു ഇത് അഭിമാന നിമിഷമെന്നു പ്രധാനമന്ത്രി"...അങ്ങനെ
പോകുന്നു ആ വാർത്ത. പക്ഷെ ഈയൊരു ദിനം സഫലമാകാൻ
കാരണം എത്രെയോ പേരുടെ വിയർപ്പും അധ്വാനവും ഉറക്കമില്ലാ രാവുകളും തീക്ഷ്ണതയും കഠിനാധ്വാനവുമാണ്!
രാജ്യത്തു നടക്കുന്ന ഓരോ വികസന പ്രവർത്തനത്തിൻ്റെയും
പേരും പ്രശസ്തിയും പിടിച്ചുപറ്റാൻ മാറി വരുന്ന സർക്കാരുകളും ഭരണാധികാരികളും കിണഞ്ഞു
പിടിച്ചു മത്സരിക്കുകയും പരസ്പരം ചെളി വാരിയെറിയുകയും ചെയ്യുമ്പോൾ ഓർക്കണം. ഇതുപോലെയുള്ള ഓരോ വികസനത്തിനും പിന്നിൽ സാധാരണക്കാരായ
കുറേ പേരുടെ ജീവനും ജീവിതവുമുണ്ടെന്നു...
അനൂപ് തൻ്റെ ഫോൺ എടുത്തു ആരെയോ വിളിക്കുന്നു...
"ഹലോ, തോമസല്ലേ? നിനക്ക് എങ്ങനെയുണ്ട്? വേദനയൊക്കെ കുറവുണ്ടോ?"
"വേദനയൊക്കെ കുറവുണ്ട്...കൃത്യസമയത്തു
നിങ്ങൾ എല്ലാവരും എന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് പരുക്കുകളോടെയാണെങ്കിലും ഞാൻ
രക്ഷപെട്ടത്."
അതെ...അനൂപിന് ഡൽഹി സമ്മാനിച്ച അമൂല്യ
രത്നം...തോമസ്!!