ജീവൻ
പുലർച്ചെ 3 മണി. നാടെങ്ങും ഇരുട്ടിൽ മൂടി കിടക്കുന്നു. സൂര്യൻ തല കാണിക്കുവാൻ ഇനിയും ഏറെ സമയമുണ്ട്. എങ്ങും ശാന്തത. നാടെങ്ങുമുള്ള മനുഷ്യരും മൃഗങ്ങളുമെല്ലാം സ്വയം മറന്ന് നിദ്രയെ പുണർന്നുകിടന്നുറങ്ങുന്ന സമയം. എങ്കിലും അഴലിന്റെ നിഴൽ പതിഞ്ഞ മുഖവുമായി, തന്റെ സമീപത്തുള്ള കസേരയിൽ ഇരിക്കുവാൻപോലും കൂട്ടാക്കാതെ, ഇരുകൈകളും ജനൽപ്പാളികളിൽ പിടിപ്പിച്ചുകൊണ്ട്, തല കുമ്പിട്ടുനിന്ന്, താൻ നിൽക്കുന്ന കെട്ടിടത്തിനോട് ചേർന്നുകിടക്കുന്ന പുൽത്തട്ടിലേക്കു നോക്കി ഫ്രാൻസിസ് നിൽക്കുന്നു. എന്തോ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഹൃദയത്തിന് ഭാരം കൂടിയതായി അനുഭവപ്പെടുന്നു. തൊണ്ട വരളുന്നുണ്ട്. ഫ്രാൻസിസിന്റെ ശ്രദ്ധ ചെടികളുടെ സമീപത്തുള്ള വെളുത്ത നിറമുള്ള ഒരു പൂച്ചയിലേക്ക് ആകൃഷ്ടമായി. ഉറക്കത്തിൽനിന്ന് പതിയെ ഉണർന്ന ആ പൂച്ച ഒന്ന് തല പൊക്കി വലിയൊരു കോട്ടുവായിട്ടതിനുശേഷം വാൽ ചുരുട്ടി ശരീരം വളഞ്ഞുകൂടി വീണ്ടും സുഖനിദ്രയിലേക്ക്. ഫ്രാൻസിസിന്റെ കണ്ണുകളിലും നിദ്രാഭാരമുണ്ട്; നന്നായൊന്നുറങ്ങിയിട്ട് നാളുകളേറെയായി. എങ്കിലും അദ്ദേഹം തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും അർപ്പണവും മൂലം ഉറങ്ങാൻ കൂട്ടാക്കുന്നില്ല. അതുകൂടാതെ തന്നെ, കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ കൂടെ നടന്ന് അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു ഓർമ്മയുമാകാം അദ്ദേഹവും നിദ്രയും തമ്മിലുള്ള അകൽച്ച വർധിപ്പിക്കുവാനിടയായത്.
***************************************
അന്ന് ഒരു ക്രിസ്മസ് ദിനമായിരുന്നു. ലോകമെമ്പാടുമുള്ളവർ ദൈവസുതൻ ഉണ്ണിയീശോയുടെ തിരുപ്പിറവി കൊണ്ടാടുന്ന വേള. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുമെല്ലാം നാടിന്റെ ശോഭ വർധിപ്പിച്ചിരിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിക്കൊണ്ട് ജാതിമതഭേദമന്യേ വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാം പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് അവധി പ്രമാണിച്ചു എല്ലാവരും ക്രിസ്മസ് ദിനം തങ്ങളുടെ കുടുംബങ്ങളുമായി ചിലവഴിക്കുന്നത്തിനുള്ള തയ്യാറെടുപ്പിലാണ്. പല വിധ രീതിയിലുള്ള പ്ലാനുകളും പദ്ധതികളും. എല്ലാവരെയുംപോലെ ഭർത്താവിന്റെയും കുട്ടികളുടെയും കൂടെ പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകണമെന്നാണ് ക്ലാരയുടെയും ആഗ്രഹം. ക്രിസ്മസ് കൂടാതെ അന്ന് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ക്ലാരയുടെയും ഭർത്താവിന്റെയും വിവാഹവാർഷികവുമായിരുന്നു അന്ന്.അതുകൊണ്ടുതന്നെ ഭർത്താവ് തനിക്കുവേണ്ടി എന്തെങ്കിലും
വിലപിടിപ്പുള്ള സമ്മാനം വാങ്ങിത്തരുമെന്നും ക്ലാര പ്രതീക്ഷിച്ചു. ഭർത്താവിനോടൊപ്പമുള്ള ഓരോ നിമിഷവും ക്ലാരക്കു വളരെ മൂല്യമേറിയതായിരുന്നു; കാരണം ക്ലാരയുടെ ഭർത്താവ് ഡോക്ടർ ഫ്രാൻസിസ് പീറ്ററിനെ ആതുരശുശ്രൂഷാസേവനം കഴിഞ്ഞു തിരക്കുകളൊന്നുമില്ലാതെ തന്റെ കൈകളിലേക്കൊന്ന് കിട്ടാൻ ഒരിത്തിരി പ്രയാസം ആയിരുന്നു.
ക്രിസ്മസ് പുലരിയിൽ വീട്ടിൽ ക്രിസ്മസ് കേക്ക് മുറിച്ചതിന് ശേഷം കുട്ടികൾ രണ്ടും ക്രിസ്മസ് സ്പെഷ്യൽ സിനിമകൾ കാണുവാനായി ടെലിവിഷൻ സ്ക്രീനിന്റെ മുന്നിലേക്കോടി. പിന്നെ കണ്ടത് റിമോട്ടിനായുള്ള അടിപിടി. ഈ സമയം ഫ്രാൻസിസ് തന്റെ ലാപ്ടോപ്പുമെടുത്തു എന്തോ മെഡിക്കൽ റിപ്പോർട്ട് വായിച്ചുപഠിക്കുവാനായി മറ്റൊരു മുറിയിലേക്ക് പോയി.വിവാഹവാർഷികസമ്മാനം പ്രതീക്ഷിച്ച ക്ലാരക്ക് അത് കിട്ടിയില്ലെങ്കിലും അത്ര പരിഭവം ഇല്ലായിരുന്നു. കാരണം ഉച്ചകഴിഞ്ഞു കറങ്ങാൻ പോകുന്ന ത്രില്ലിലായിരുന്നു ക്ലാര. 'ചിലപ്പോൾ പുറത്തു വെച്ച് സർപ്രൈസ് ആയി താരാനാകും സമ്മാനം', അവൾ വിചാരിച്ചു. ആശംസകളുമായി തന്നെ വിളിച്ച കൂട്ടുകാരികളോടും വീട്ടുകാരോടുമൊക്കെ ഭർത്താവുമൊത്തുള്ള ക്രിസ്മസ് പ്ലാനുകൾ പറഞ്ഞു പൊങ്ങച്ചക്കാരി ക്ലാര സംപ്രീതിയണഞ്ഞു.
ഉച്ചനേരം സമാഗതമായി. ഒരു മണിക്കൂർ കണ്ണാടിയുടെ മുൻപിൽ ചിലവഴിച്ചുള്ള ഒരുക്കത്തിനുശേഷം ക്ലാര പുറത്തിറങ്ങി. പുതിയ സാരി, പുതിയ കമ്മൽ, പുതിയ ബാഗ്. അവർ പുതുതായി വാങ്ങിയ കാറിനുള്ളിലേക്ക് അവൾ കയറി. അവളുടെ വേഷം കണ്ട് ഫ്രാൻസിസ് ഒരു നിമിഷത്തേക്ക് ഒന്ന് പകച്ചു പോയെങ്കിലും ഒരു ചെറിയ പുഞ്ചിരി നൽകി വണ്ടി സ്റ്റാർട്ട് ആക്കാൻ തുടങ്ങുന്നു.
'ഒരു മിനിറ്റ്', ക്ലാര പറഞ്ഞു, എന്നിട്ട് തിടുക്കത്തിൽ തിളങ്ങുന്ന തന്റെ ബാഗിൽനിന്നും വിലപിടിപ്പുള്ള ആ ഫോൺ എടുക്കുന്നു. എന്നിട്ടു ഫ്രാൻസിസിനെ കെട്ടിപിടിച്ചു ഒരു സെൽഫി. കുട്ടികളെയും പിന്നിൽ കാണാം.
'ഇത് ഞാനൊന്ന് ഫേസ്ബുക്കിലും വാട്സാപ്പിലും ഇടട്ടെ.
"എൻജോയിങ് വിത്ത് മൈ സ്വീറ്റ് ഡിയർ ഹസ്ബൻഡ് ആൻഡ് കിഡ്സ്...ഓൾ സെറ്റ് ഫോർ എ റോക്കിങ് ഡേ"...ടാഗ് ഇതുമതി അല്ലെ? ആ റോസമ്മയും ഇന്ദുവും ഫാത്തിമയും അഞ്ജുവുമൊക്കെ ഒന്ന് കാണട്ടെ', എന്തോ പ്രതികാരം ചെയ്യുകയാണെന്ന് തോന്നിക്കുവോളമുള്ളൊരു കള്ളച്ചിരി ക്ലാരയുടെ മുഖത്ത് പൊട്ടിവിടർന്നു. നാട്ടുകാരെ കാണിക്കാനായി ഉണ്ടാക്കിയെടുത്ത ഈ സ്നേഹം ക്യാമറ ഇല്ലാത്ത സമയത്തും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ഫ്രാൻസിസ് ഒരു നിമിഷത്തേക്ക് ആലോചിച്ചുപോയി.
ക്രിസ്മസ് കാഴ്ചകൾ നുകർന്ന് അവർ യാത്ര തുടങ്ങി. ഒരൽപ്പം ദൂരെ മാറി ഒരു സിഗ്നലിൽ കാത്തുനിൽക്കവേ പെട്ടെന്ന് ഫ്രാൻസിസിന് ഒരു ഫോൺ: 'ഡോക്ടർ, ഒരു എമർജൻസി കേസുണ്ട്. ക്രിറ്റിക്കൽ ആണ്. മറ്റു ആശുപത്രികളിലേക്ക് മാറ്റാനുള്ള സമയമുണ്ടെന്നു തോന്നുന്നില്ല. ഡോക്ടർ വേഗം വന്നേ പറ്റൂ പ്ലീസ്!' കേട്ടപാടെ മറുത്തൊന്നും ചിന്തിക്കാതെ ഫ്രാൻസിസ് വണ്ടി തിരിച്ചു. നേരെ രോഗിയുടെ അടുത്തേക്ക് പാഞ്ഞു. കാര്യങ്ങളറിഞ്ഞ ക്ലാരയുടെ മുഖം അപ്പാടെ വാടി. ദേഷ്യമാണോ പരിഭവമാണോ അമർഷമാണോ...എന്തോ ഒന്ന് ക്ലാരയെ ഒന്നാകെ വിഴുങ്ങി.
ആശുപത്രിയിലെത്തിയപാടെ ഫ്രാൻസിസ് കാറിൽനിന്നും ചാടിയിറങ്ങി; കിറ്റ് എടുത്തു ഒരു ഓട്ടമായിരുന്നു പിന്നീട്. 'അതേയ്, ഞങ്ങളെ തിരിച്ചു വീട്ടിലേക്കെങ്കിലും എത്തിച്ചിട്ടു പോകൂ'..പരിഭവം നിറഞ്ഞ ക്ലാരയുടെ അപേക്ഷ കേൾക്കുവാൻപോലും കൂട്ടാക്കാതെ ഫ്രാൻസിസ് അപ്രത്യക്ഷനായി!
അന്നത്തെ ആ വിവാഹവാർഷികം(ക്രിസ്മസ്) ക്ലാര അണിഞ്ഞൊരുങ്ങിയിരുന്ന് തള്ളിനീക്കിയത് ആ കാറിനുള്ളിലായിരുന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഫലമില്ല എന്ന് കണ്ട ക്ലാര നേരം ഇരുട്ടി തുടങ്ങുന്നത് കണ്ടതോടെ കണ്ണിൽക്കണ്ട രണ്ടു മൂന്നു നഴ്സുമാരോട് തന്റെ ഉള്ളിലെ രോഷം മുഴുവൻ പ്രകടിപ്പിച്ചതിനുശേഷം കുട്ടികളുമായി സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞു. അല്ലെങ്കിലും ഡോക്ടർമാരും രോഗികളുമടക്കം എല്ലാവരും ഇപ്പോൾ അവരുടെയുള്ളിലെ ദേഷ്യം മുഴുവൻ പ്രകടിപ്പിക്കുന്നത് ദൈവത്തിന്റെ മാലാഖാമാരായ പാവം നഴ്സുമാരോടാണല്ലോ!!
വൈകിട്ട് 8 മണി. ഇടംകൈയ്യിലൊരു വെളുത്ത കോട്ടും തൂക്കിപ്പിടിച്ചു, ശരീരമാകെ വിയർത്തൊലിച്ചു, അവശനെങ്കിലും മുഖത്ത് വലിയ എന്തോ ഒന്ന് നേടിയ സന്തോഷത്തിൽ വീട്ടിലേക്കു വരുകയാണ് നമ്മുടെ ഫ്രാൻസിസ്. വീടിന്റെ പടിവാതിൽക്കൽ നിന്നാൽ അകത്തു പിണങ്ങി മുഖം തിരിച്ചിരിക്കുന്ന ക്ലാരയേയും കാണാം. രാവിലത്തെ പ്രൗഢിയൊന്നും ഇപ്പോൾ ആ മുഖത്ത് ദൃശ്യമല്ല.
' അത്ര ക്രിറ്റിക്കൽ കേസ് ആയിരുന്നു ക്ലാരേ. ഒരു ചെറിയ സർജറി വേണ്ടിവന്നു. ഞാൻ തക്കസമയത്തു എത്തിയതുകൊണ്ടു പേഷ്യൻറ്റ് രക്ഷപെട്ടു. നീ എന്നോട് ക്ഷമിക്ക്', ക്ലാരയുടെ തോളിൽ പതിയെ കരങ്ങൾ വച്ചുകൊണ്ട് ഫ്രാൻസിസ് പറഞ്ഞു.
'നിങ്ങൾക്കിങ്ങനെ നാട്ടുകാരുടെയൊക്കെ ജീവൻ രക്ഷിച്ചു നടന്നാൽ മതിയല്ലൊ! ഈ ഭൂലോകത്ത് ഡോക്ടർ ആയി നിങ്ങൾ മാത്രമേ ഉള്ളോ? അല്ല, ആദ്യമൊക്കെ മനസ്സിലാകുമായിരുന്നു. ഇതിപ്പൊ സ്ഥിരം ഇങ്ങനെയാണല്ലോ!'
'എന്റെ ജോലി അതല്ലേ! എന്റെ ഒരു നിമിഷത്തെ അശ്രദ്ധയോ ആലസ്യമോ മൂലം ചിലപ്പോൾ ഒരു ജീവൻ തന്നെ നഷ്ടപ്പെടില്ലേ? അതിലൂടെ ആ ജീവനിൽ ആശ്രയിച്ചു കഴിയുന്ന ഒരുപാട് പേരുടെ ജീവിതങ്ങളും!'
'നിങ്ങളെ ആശ്രയിച്ചും ഇവിടെ പല ജീവിതങ്ങൾ ഉണ്ടെന്നു ഓർക്കണം. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ, ഒരു അവധി ദിവസം പോലും നിങ്ങളെ മര്യാദയ്ക്ക് ഒന്ന് കാണാൻ കിട്ടില്ല. രാത്രിക്കൊക്കെ ഞങ്ങളെ ഇവിടെ ഒറ്റക്കിട്ടിട്ട് ഓരോ ജീവൻ രക്ഷിച്ചു ഹീറോ ആകാൻ പോകുമ്പോൾ ഞങ്ങളും മൂന്നു ജീവനുകളാണ് എന്ന് ഓർത്താൽ നല്ലത്!'
' ക്ലാരേ, ഈശ്വരന്റെ പല തീരുമാനങ്ങളും നടപ്പിലാക്കുന്നത് ഞങ്ങൾ ഡോക്ടർമാരിലൂടെയാണ്. ഈശ്വരന്റെ കരങ്ങൾ പോലെയാണ് ഞങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ചു പേർക്കുമാത്രം കിട്ടുന്ന അമൂല്യമായ ആ വിളി ലഭിക്കുമ്പോൾ നമ്മളും ചില ത്യാഗങ്ങളൊക്കെ ചെയ്യേണ്ടിവരും.'
'ഇങ്ങനെയുള്ളവരൊന്നും കല്യാണം കഴിക്കരുതായിരുന്നു. അതാകുമ്പോൾ സർവ്വ സമയവും ആളുകളുടെ ജീവൻ രക്ഷിച്ചു നടക്കാമായിരുന്നല്ലോ!', അമർഷം നിറഞ്ഞ സ്വരവുമായി ക്ലാര പറഞ്ഞു.
'ഇതൊക്കെ നിന്നോട് ഞാൻ പണ്ടേ പറഞ്ഞിരുന്നതല്ലേ? കല്യാണത്തിന് മുൻപ് ഇണക്കിളികളായി വർഷങ്ങൾ ഒരുമിച്ചു നടന്നപ്പോഴൊന്നും നിനക്കിങ്ങനെയൊരു ആവലാതി ഇല്ലായിരുന്നല്ലൊ! അന്നൊക്കെ നിനക്ക് ഒരു ഡോക്ടറുടെ കൂടെ നടക്കാൻ അഭിമാനമായിരുന്നു', അൽപ്പം പരിഭവത്തോടെ ഫ്രാൻസിസ് പറഞ്ഞു.
'മതി നിർത്ത്! ഇങ്ങനെയൊരു ജീവിതം എനിക്ക് വേണ്ട! നിങ്ങൾക്ക് തീരുമാനിക്കാം. കുടുംബം വേണോ അതോ നിങ്ങളുടെയീ ആതുരശുശ്രൂഷ മതിയോ? ഇങ്ങനെ പരസ്പരം കാണാതെ ജീവിക്കുന്നതിലും നല്ലതു പിരിയുന്നതാണ്!'
******************************************
'ഡോക്ടർ! എമർജൻസി!', കിതച്ചുകൊണ്ട് പാഞ്ഞുവന്ന ഒരു നേഴ്സിന്റെ ശബ്ദം ഫ്രാൻസിസിനെ ചിന്തകളിൽ നിന്നുമുണർത്തി.ഹൃദയത്തിന് ഭാരം കൂടിയതായി അനുഭവപ്പെടുന്നുണ്ട്. ആശുപത്രിയുടെ മുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന പൂച്ച പതിയെ എണീറ്റ് മന്ദം മന്ദം നടക്കുന്നു. ഫ്രാൻസിസ് തന്റെ ചിന്തകളെല്ലാം മറക്കാൻ ശ്രമിച്ചശേഷം കിറ്റ് എടുത്തു ഓടുന്നു. പേഷ്യന്റിനു അധികം പ്രായമില്ല; ചെറുപ്പക്കാരിയായ ഒരു യുവതി. ജീവിച്ചുതീർക്കാൻ യൗവ്വനം ഇനിയും ബാക്കിയുണ്ട്. എങ്ങനെയെങ്കിലും ഈ ജീവൻ രക്ഷിക്കണം. ഫ്രാൻസിസും നഴ്സുമാരും രോഗിയായ യുവതിയെയുംകൊണ്ട് ICU ലേക്ക് കയറി അപ്രത്യക്ഷരായി.
ഏകദേശം ഒരു മണിക്കൂറിനുശേഷം അവശനായി ഫ്രാൻസിസ് പുറത്തേക്കു വന്നു. 'ഞങ്ങൾക്ക് ചെയ്യാനാകുന്നതൊക്കെ ചെയ്തിട്ടുണ്ട്. അപകടനില തരണം ചെയ്തു. എങ്കിലും രണ്ടു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ. കുറച്ചധികം ടെസ്റ്റുകൾ നടത്തേണ്ടി വരും. കേസ് ശരിക്കുമൊന്നു പഠിച്ചാലേ റൂട്ട് കോസ് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ', അടുത്ത ബന്ധുക്കളെ ആശ്വസിപ്പിച്ചുകൊണ്ടു ഫ്രാൻസിസ് പറഞ്ഞു.
'ടെസ്റ്റ് വേണം പോലും! ഇയാൾക്കൊക്കെ ഇതിനു നല്ല കമ്മീഷൻ തടയുന്നുണ്ടാകും. രോഗിക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെയെന്തിനാ? ഇവിടെ കുറച്ചു ദിവസം കിടന്നാലല്ലേ ആശുപത്രിക്ക് കാശ് കിട്ടുകയുള്ളൂ! അതിന്റെ പങ്കും ഇയാൾ എണ്ണിയെണ്ണി വാങ്ങുന്നുണ്ടാകും. ഡോക്ടറാകാൻ മുടക്കിയ പണം മുതലാക്കേണ്ടേ?! ഇയാളെക്കുറിച്ചു നമുക്ക് വിശദമായി ഒന്ന് അന്വേഷിക്കണം', പുച്ഛം കലർന്ന രോഗിയുടെ ചില അകന്ന ബന്ധുക്കാരുടെ പിറുപിറുത്തുള്ള രഹസ്യസംസാരം പക്ഷെ നടന്നുപോകവേ ഫ്രാൻസിസ് കേൾക്കുവാനിടയായി. ഒന്ന് തിരിഞ്ഞു അവരെ നോക്കി നന്നായൊന്ന് പുഞ്ചിരിച്ചതിനുശേഷം ഫ്രാൻസിസ് മുൻപോട്ടു നടന്നു നീങ്ങി. ഇതൊക്കെ എപ്പോഴേ ശീലം ആയതാണ്.
രണ്ടു ദിവസം മുൻപ്, തന്റെ തൊഴിലിനോട് തനിക്ക് അനീതി കാട്ടാൻ കഴിയില്ല എന്ന് പറഞ്ഞു ആശുപത്രി അധികൃതരുടെ നിർബന്ധത്തിനു വഴങ്ങാതെ അവരുമായി വഴക്കിട്ടു പിരിഞ്ഞ രംഗം ഫ്രാൻസിസിന്റെ ഓർമ്മയിൽ വന്നു. എങ്കിലും ഒരു യുവജീവൻ രക്ഷിക്കാനായതിന്റെ സന്തോഷമാണ് ഇപ്പോൾ അദ്ദേഹത്തിന്റെയുള്ളിൽ.
അൽപ്പം ശുദ്ധവായു ശ്വസിക്കുവാനായി ഫ്രാൻസിസ് ആശുപത്രിയുടെ പടികളിറങ്ങി മുറ്റം ലക്ഷ്യമാക്കി നടന്നു. ഫ്രാൻസിസിനെ കണ്ടതും അധികം പ്രായമാകാത്ത ഒരു പട്ടിക്കുട്ടി വാലാട്ടിക്കൊണ്ട് ഫ്രാൻസിസിന്റെ അടുത്തേക്ക് ചാടി ചാടി വരുന്നു. അത് അദ്ദേഹത്തിന്റെ കാലുകളിൽ തൊട്ടുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നു. പട്ടിക്കുട്ടിയുടെ ഒരു കാലിൽ വെളുത്ത തുണികൊണ്ടു ചുരുട്ടിക്കെട്ടിയ പതിയെ സൗഖ്യം പ്രാപിക്കുന്ന ഒരു മുറിവ് കാണപ്പെട്ടു. കാലിൽ പരുക്ക് പറ്റി നിസ്സഹായനായി കിടന്ന പട്ടിക്കുട്ടിയെ കണ്ട് താൻ കഴിഞ്ഞ ആഴ്ച തുന്നിക്കെട്ടിയതായിരുന്നു അതെന്നു അപ്പോൾ ഫ്രാൻസിസിന് ഓർമ്മ വന്നു. ഒരുപക്ഷെ അതിന്റെ നന്ദിയും സ്നേഹവുമായിരിക്കാം ഇപ്പോൾ കണ്ടത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ട് ഫ്രാൻസിസ് അമ്പരന്നു. പട്ടികുട്ടിയുടെ തലയിൽ നന്നായൊന്ന് തലോടിയശേഷം ഫ്രാൻസിസ് തന്റെ കൈകൾ കഴുകാനായി ആശുപത്രിക്കകത്തേക്കു
നടന്നു.
ഷിഫ്റ്റ് കഴിയാറായി. അത്യാവശ്യ കേസുകൾ ഇപ്പോൾ വരുന്നില്ല എന്ന് മനസ്സിലാക്കിയ ഫ്രാൻസിസ് വീട്ടിലേക്ക് പോകുവാനായി പതിയെ തയ്യാറെടുപ്പ് തുടങ്ങി. കോട്ടും സ്തെതസ്കോപ്പും മറ്റു സാധനങ്ങളുമെല്ലാം അദ്ദേഹം ബാഗിനുളിലേക്കിടുന്നു. ബാഗിൽനിന്നും ഒരു ഫോട്ടോ നിലത്തു വീണു. ക്ലാരയും ഫ്രാൻസിസും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ. അന്ന് രണ്ടു പേരുടെയും മുഖത്ത് നല്ല തേജസ്സു ദൃശ്യമായിരുന്നു. ഫ്രാൻസിസ് ഫോട്ടോ എടുത്തു ഒന്ന് തുടച്ചതിനുശേഷം കുറച്ചു സമയം അതിലേക്ക് നോക്കി നിന്നുപോയി. ഹൃദയത്തിനു ഇപ്പോഴും ഭാരം കൂടിയതായി അനുഭവപ്പെടുന്നുണ്ട്. ഫ്രാൻസിസ് പഠിച്ച വൈദ്യശാസ്ത്രത്തിൽ എവിടെയും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂർവ്വ പ്രതിഭാസം. അദ്ദേഹം ഫോട്ടോ ബാഗിലിട്ട് പതിയെ ആശുപത്രിയിൽനിന്നിറങ്ങി തൻ്റെ കാറിൻ്റെയടുത്തേക്കു നടന്നു നീങ്ങി.
കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടാൻ തുടങ്ങവെ ഫ്രാൻസിസിൻ്റെ മൊബൈലിൽ ആരോ വിളിക്കുന്നു: 'ഹലോ ഇച്ചായാ, ക്ലാര ആണ്. ഇച്ചായാ, ഇന്ന് രാവിലെ അവിടെ അഡ്മിറ്റ് ചെയ്ത മേഘ ഇല്ലേ? അവൾ സ്കൂളിൽ എൻ്റെ കൂടെ ഒരുമിച്ചു പഠിച്ചതാണ്. കുട്ടിക്കാലത്തെ എൻ്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാൾ.അവളുടെ അമ്മാവൻ വിളിച്ചപ്പോഴാണ് കാര്യങ്ങളെല്ലാം അറിഞ്ഞത്. ഇച്ചായൻ അധികമായി ചിലവഴിക്കുന്ന ഓരോ മണിക്കൂറിൻ്റെയും മൂല്യം ഇന്നെനിക്ക് മനസ്സിലായി. ഇച്ചായനെപ്പോലെ നല്ല ഒരു ഡോക്ടർ ഉണ്ടായിരുന്നതുകൊണ്ടാണ് മേഘ രക്ഷപ്പെട്ടതെന്നാണ് അവളുടെ 'അമ്മ പറയുന്നത്. ഒരുമിച്ചു ജീവിക്കേണ്ട എന്നൊക്കെ ഞാൻ വെറുതെ ഒന്ന് വിരട്ടാൻ പറഞ്ഞതല്ലേ! എന്നോട് ക്ഷമിക്കില്ലേ? ഇന്ന് തന്നെ ഞാൻ തിരിച്ചു വീട്ടിലേക്കു വരുന്നുണ്ട്.'
അഭിമാനം നിറഞ്ഞ ക്ലാരയുടെ വാക്കുകൾ കേട്ടപ്പോൾ ഫ്രാൻസിസിൻ്റെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടും! അത്യപൂർവ്വവും അതിമനോഹരവുമായ കാഴ്ച്ച! ആ സന്തോഷം നുകർന്നുകൊണ്ടു ഫ്രാൻസിസ് അൽപ്പനേരം കാറിൽത്തന്നെ ഇരുന്നുപോയി.
'ഡോക്ടർ, ഡോക്ടർ! 108 -ലെ പേഷ്യന്റിനു ഒരു കോംപ്ലിക്കേഷൻ!', ഓടിവന്ന ഒരു നഴ്സിന്റെ ശബ്ദം ഫ്രാൻസിസിനെ ഞെട്ടിയുണർത്തി. വീണ്ടും കിറ്റുമെടുത്തു തിരികെ ആശുപത്രിയിലേക്ക് ഓട്ടം! അപ്പോഴേക്കും സൂര്യൻ പതിയെ തലപൊക്കി തുടങ്ങിയിരുന്നു.
കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടാൻ തുടങ്ങവെ ഫ്രാൻസിസിൻ്റെ മൊബൈലിൽ ആരോ വിളിക്കുന്നു: 'ഹലോ ഇച്ചായാ, ക്ലാര ആണ്. ഇച്ചായാ, ഇന്ന് രാവിലെ അവിടെ അഡ്മിറ്റ് ചെയ്ത മേഘ ഇല്ലേ? അവൾ സ്കൂളിൽ എൻ്റെ കൂടെ ഒരുമിച്ചു പഠിച്ചതാണ്. കുട്ടിക്കാലത്തെ എൻ്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാൾ.അവളുടെ അമ്മാവൻ വിളിച്ചപ്പോഴാണ് കാര്യങ്ങളെല്ലാം അറിഞ്ഞത്. ഇച്ചായൻ അധികമായി ചിലവഴിക്കുന്ന ഓരോ മണിക്കൂറിൻ്റെയും മൂല്യം ഇന്നെനിക്ക് മനസ്സിലായി. ഇച്ചായനെപ്പോലെ നല്ല ഒരു ഡോക്ടർ ഉണ്ടായിരുന്നതുകൊണ്ടാണ് മേഘ രക്ഷപ്പെട്ടതെന്നാണ് അവളുടെ 'അമ്മ പറയുന്നത്. ഒരുമിച്ചു ജീവിക്കേണ്ട എന്നൊക്കെ ഞാൻ വെറുതെ ഒന്ന് വിരട്ടാൻ പറഞ്ഞതല്ലേ! എന്നോട് ക്ഷമിക്കില്ലേ? ഇന്ന് തന്നെ ഞാൻ തിരിച്ചു വീട്ടിലേക്കു വരുന്നുണ്ട്.'
അഭിമാനം നിറഞ്ഞ ക്ലാരയുടെ വാക്കുകൾ കേട്ടപ്പോൾ ഫ്രാൻസിസിൻ്റെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടും! അത്യപൂർവ്വവും അതിമനോഹരവുമായ കാഴ്ച്ച! ആ സന്തോഷം നുകർന്നുകൊണ്ടു ഫ്രാൻസിസ് അൽപ്പനേരം കാറിൽത്തന്നെ ഇരുന്നുപോയി.
'ഡോക്ടർ, ഡോക്ടർ! 108 -ലെ പേഷ്യന്റിനു ഒരു കോംപ്ലിക്കേഷൻ!', ഓടിവന്ന ഒരു നഴ്സിന്റെ ശബ്ദം ഫ്രാൻസിസിനെ ഞെട്ടിയുണർത്തി. വീണ്ടും കിറ്റുമെടുത്തു തിരികെ ആശുപത്രിയിലേക്ക് ഓട്ടം! അപ്പോഴേക്കും സൂര്യൻ പതിയെ തലപൊക്കി തുടങ്ങിയിരുന്നു.
Inspiring..keep it up
ReplyDeleteGood work, niceson. Loved it
ReplyDeleteExcellent!Niceson.
ReplyDelete